ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നടത്തറ

തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കില്‍ ഒല്ലൂക്കര ബ്ലോക്കിലാണ് നടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. നടത്തറ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.91 ചതുരശ്ര കിലോമീറ്ററാണ്. തൃശ്ശിവപേരൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നു അഞ്ചു കിലോമീറ്റര്‍ കിഴക്കുമാറി മലകളും കുന്നിന്‍ചെരിവുകളും താഴ്വാരങ്ങളും കുത്തനെയുള്ള ചെരിവുകളും സമതലങ്ങളും ചെറിയ ജലാശയങ്ങളുമുള്ള ഗ്രാമീണസൗന്ദര്യം ആവോളമുള്ള പ്രദേശമാണ് നടത്തറ പഞ്ചായത്ത്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പാണഞ്ചേരി, ഒല്ലൂക്കര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുത്തൂര്‍, ഒല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂര്‍ നഗരസഭയും, ഒല്ലൂര്‍, ഒല്ലുക്കര പഞ്ചായത്തുകളുമാണ്. നടത്തറ, കൊഴുക്കുള്ളി, മുളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ട പ്രദേശമാണ് നടത്തറ പഞ്ചായത്ത്. തൃശിവപേരൂര്‍ നഗരാതിര്‍ത്തിയില്‍ നിന്നാരംഭിച്ച് പട്ടിക്കാട്-പീച്ചി റോഡുവരെ കിഴക്കോട്ട് വ്യാപിച്ചുകിടക്കുകയാണ് ജനസാന്ദ്രവും ഫലഭൂയിഷ്ഠവുമായ ഈ പഞ്ചായത്തുപ്രദേശം. നെല്ലിക്കുന്ന് അഞ്ചേരി, കാച്ചേരി, നടത്തറ, കൃഷ്ണപുരം, പൂച്ചട്ടി, എരവിമംഗലം, കൊഴുക്കുള്ളി, മുളയം, കൂട്ടാല, പോലുക്കര, മൂര്‍ക്കനിക്കര, വലക്കാവ്, ചേരുകുഴി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങള്‍. പഴയ രണ്ടു നാട്ടുപാതകളെ ബന്ധിപ്പിക്കുന്ന നാലും കൂടിയ കവലയാണ് നടുത്തറ അഥവാ നടത്തറ. വഴിയാത്രക്കാരുടെ വിശ്രമസങ്കേതങ്ങളായ ക്ഷേത്രങ്ങളും അവയോടുചേര്‍ന്നുള്ള കുളം, അരയാല്‍തറ, അരുവികള്‍, അത്താണികള്‍ എന്നിവയുടെ സാന്നിധ്യമായിരിക്കാം പണ്ടുകാലത്ത് ഈ ഗ്രാമത്തെ യാത്രക്കാരുടെ ഇടത്താവളമാക്കി മാറ്റിയത്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ തൊഴില്‍ഭൂമിയായിരുന്നു നടത്തറ. അധ്വാനശീലരും കര്‍മ്മകുശലരുമായ കൃഷിക്കാരുടെ നാടാണ് പണ്ടുമുതല്‍ക്കെ മൂര്‍ക്കനിക്കരയും സമീപപ്രദേശങ്ങളും.

ചരിത്രം

 

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സ്മാരകങ്ങളും, ചരിത്രരേഖകളും, ആരാധനാലയങ്ങളും, ശിലാരേഖകളും, പഴയ തലമുറയിലുള്ളവരില്‍നിന്നും വാമൊഴിയിലൂടെ പകര്‍ന്നുകിട്ടിയ വിവരങ്ങളും നാടന്‍പാട്ടുകളിലും ഐതിഹ്യങ്ങളിലും നിഴലിക്കുന്ന ഭൂതകാലത്തിന്റെ കഥകളുമാണ് നടത്തറ എന്ന കൊച്ചുഗ്രാമത്തിന്റെ പുരാതനചരിത്രം വെളിവാക്കുന്ന ഉറവിടങ്ങള്‍. നടത്തറ പണ്ടുകാലത്ത് നടുത്തറയായിരുന്നെന്നും അതല്ലാ നാടിത്ര ആയിരുന്നെന്നും രണ്ടഭിപ്രായമുണ്ട്. നടത്തറ, കൊഴുക്കുള്ളി, മുളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ട പ്രദേശമാണ് നടത്തറ പഞ്ചായത്ത്. പണ്ട് പറവട്ടാനി (പ്രവൃത്തിയില്‍)യില്‍ ഉള്‍പ്പെട്ട വില്ലേജുപ്രദേശമായിരുന്നു ഇവിടം. തൃശിവപേരൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് മൂര്‍ക്കനിക്കര തേരോത്ത് ശിവക്ഷേത്രംവരെയുള്ള റോഡും കുതിരാന്‍-പട്ടിക്കാട്-ഒല്ലുക്കരവഴി എടക്കുന്നി-ഒല്ലൂര്‍ക്ക് പോകുന്ന പഴയ രണ്ടു നാട്ടുപാതകളെ ബന്ധിപ്പിക്കുന്ന നാലും കൂടിയ വഴിയാണ് നടുത്തറ അഥവാ നടത്തറ. വഴിയാത്രക്കാരുടെ വിശ്രമസങ്കേതങ്ങളായ ക്ഷേത്രങ്ങളും അവയോടുചേര്‍ന്നുള്ള കുളം, അരയാല്‍തറ, അരുവികള്‍, അത്താണികള്‍ എന്നിവയുടെ സാന്നിധ്യമായിരിക്കാം പണ്ടുകാലത്ത് ഈ ഗ്രാമത്തെ യാത്രക്കാരുടെ ഇടത്താവളമാക്കി മാറ്റിയത്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ തൊഴില്‍ഭൂമിയായിരുന്നു നടത്തറ. നടത്തറയില്‍ അടുത്തകാലംവരെ ഒരു പരിശോധനാകേന്ദ്രം (ചെക്ക് പോസ്റ്റ്) ഉണ്ടായിരുന്നു. ഇതും നടത്തറയെ അറിയപ്പെടുന്ന താവളമായിമാറാന്‍ സഹായിച്ചിരിക്കാം. തേക്കിന്‍കാടുവരെ വനമായിരുന്ന കാലത്ത് നാടിത്ര എന്ന പഴമൊഴിയില്‍ നിന്നാണ് നടത്തറ എന്ന സ്ഥലനാമത്തിന്റെ ഉല്‍ഭവമെന്ന മറ്റൊരു വാദവും നിലവിലുണ്ട്.

1920-ല്‍ ഒല്ലൂരില്‍നിന്നും വേര്‍പെട്ട് നടത്തറയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെട്ടതോടെ നടത്തറ പഞ്ചായത്തിലെ ക്രിസ്ത്യാനികളുടെ സമസ്തമേഖലകളെയും നിയന്ത്രിക്കുന്ന ഒരു ആദ്ധ്യാത്മികകേന്ദ്രമെന്ന നിലയിലും നടത്തറ അറിയപ്പെട്ടുതുടങ്ങി. ദീര്‍ഘകാലം ഈ പ്രദേശത്തിന്റെ ഭരണാധികാരികളായിരുന്ന കുമരപുരം സ്വരൂപക്കാര്‍ ഇവിടെ ആവാസമുറപ്പിച്ചതോടെയാണ് നടത്തറയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്. 1691 നവംബര്‍ 16-ാം തീയതി സാമൂതിരിയും ലന്തക്കാരുംകൂടി എഴുതിയ ഉടമ്പടി അനുസരിച്ച് കമ്പനിയുടെ ശത്രുവായ അയിനിക്കൂറ് നമ്പിടിയില്‍നിന്ന് പിടിച്ചടക്കിയ ചെറളയത്ത് കോട്ടയും, നാടുകളും, അടിയാന്മാരും, കോയ്മസ്ഥാനവും സാമൂതിരിക്ക് സ്ഥിരമായി കൊടുക്കുന്നതായി ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ പൊന്‍തകിടില്‍ മലയാളത്തില്‍ എഴുതിവച്ചിട്ടുള്ളതായി ഡോ. കുഞ്ഞുണ്ണിരാജ സാക്ഷ്യപ്പെടുത്തുന്നു. ലന്തക്കാരുമായുള്ള യുദ്ധകാലത്തായിരിക്കാം ഈ കുടുംബം നടത്തറയില്‍ ആവാസമുറപ്പിച്ചതും പിന്നീട് കൊച്ചി രാജാവിന്റെ സഹായത്തോടെ നാടുവാഴികളായിത്തീര്‍ന്നതും. പെരുവനം ദേവസ്വത്തില്‍ നിന്നും തൃശ്ശൂരിന്റെ കിഴക്കന്‍പ്രദേശത്ത് 36 കാതം മല പാട്ടമായി ലഭിച്ചുവെന്ന് പറയപ്പെടുന്നു. പിന്നീട് എടക്കുന്നിവാരിയത്തെ ദിവാന്‍ ശങ്കരവാരിയര്‍ ഈ ഭൂമിയുടെ ആധിപത്യം കൈയ്യാളി. കവിരാജനായ കെ.കെ.രാജ ഈ സ്വരൂപത്തിന്റെ സന്താനമായിരുന്നു.

ദ്രാവിഡസംസ്കാരത്തിന്റെ മൂര്‍ത്തീഭാവമായ മഠപതിസങ്കേതമാണ് എരവിമംഗലത്തെ പെരുമണ്ണാന്‍ സമുദായക്കാരുടെത്. സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള പാലയും മുല്ലത്തറയും എരവിമംഗലവും, പോഴിച്ചൂരും, മങ്ങാട് എന്നീ മനക്കാര്‍ ഇവിടത്തെ ആദ്യകാല അന്തേവാസികളായിരുന്നു. എരവിമംഗലം പ്രദേശത്ത് കൈത്തൊഴിലുകളിലും സുകുമാരകലകളിലും വൈദഗ്ദ്ധ്യം നേടിയവര്‍ അക്കാലത്ത് ധാരാളമായുണ്ടായിരുന്നു. ബാലവൈദ്യം, വിഷവൈദ്യം എന്നിവയില്‍ പ്രഗത്ഭരായവര്‍ ഇവിടെയുണ്ടായിരുന്നു. പാലത്തും നലയ്ക്കന്‍ ഇക്കണ്ടപൂജാരി എന്ന മുരുകഭക്തന്‍ സ്ഥാപിച്ച അമ്പലവും എരവിമംഗലം ഷഷ്ഠിയും പ്രസിദ്ധമാണ്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ കര്‍മ്മഭൂമിയായിരുന്നു നടത്തറ. പണ്ടുമുതല്‍ക്കെ മൂര്‍ക്കനിക്കരയും സമീപപ്രദേശങ്ങളും സമ്പല്‍സമൃദ്ധവും കാര്‍ഷികവിളകളുടെ കേന്ദ്രവുമായിരുന്നു. മണലിപുഴയുടെ വരദാനമാണ് ഇവിടത്തെ സമ്പല്‍സമൃദ്ധി.

ഇവിടെ ജനിച്ച നിരവധിപേര്‍ ഉന്നതവിദ്യാഭ്യാസരംഗത്തും, വൈദ്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരായി ഉയര്‍ന്നുവന്നിട്ടുണ്ട്. കലാ സാംസ്കാരികരംഗത്ത് തനതായ ഒരു പാരമ്പര്യം മൂര്‍ക്കനിക്കരയ്ക്കുണ്ട്. തൊട്ടടുത്ത 3 ക്ഷേത്രങ്ങളില്‍ മൂന്നുസമയത്തായി ഭേദപ്പെട്ട രീതിയിലുള്ള ഉത്സവം നടക്കുന്ന മൂര്‍ക്കനിക്കരയില്‍ കലാസദസ്സുകള്‍ പതിവാണ്. സമീപപ്രദേശങ്ങളായ കൊഴുക്കുള്ളി, മുളയം പ്രദേശങ്ങളും ചരിത്രപ്രാധാന്യമുള്ളവയാണ്. വലക്കാവ് ഒരു കുടിയേറ്റമേഖലയാണ്. ഒരുകാലത്ത് നടത്തറയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു പൂച്ചട്ടിപ്പാറ ഗ്രാമോദ്ധാരണകേന്ദ്രം. ദേശീയപ്രസ്ഥാനത്തിന്റെ നാളുകളില്‍ തന്നെ അതിന്റെ അനുരണനങ്ങള്‍ പൂച്ചട്ടിയിലുമുണ്ടായി. ഖാദിപ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പുരോഗമന പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ ഈറ്റില്ലമായിരുന്നു പൂച്ചട്ടി പ്രദേശം. സമരങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു പി.ആര്‍.കൃഷ്ണന്‍ മാസ്റ്റര്‍. മത്തായി മാഞ്ഞൂരാന്റെ ഒളിസങ്കേതമായിരുന്നു ഒരു കാലത്ത് പൂച്ചട്ടിപ്രദേശം. നെല്ലുവണ്ടിതടയല്‍ സമരം നിരവധിപേരെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു. കെ.ടി.ദേവസ്സിമാസ്റ്റര്‍, കെ.ഒ.റപ്പായി, ടി.എ.ബാലന്‍, കെ.ടി.ജോണ്‍മാസ്റ്റര്‍, അളഗിരി തുടങ്ങിയവര്‍ പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താക്കളായിരുന്നു.

ഭൂമിശാസ്ത്രവും അടിസ്ഥാന വിവരങ്ങളും

1961 ഗ്രാമപഞ്ചായത്ത് രൂപീകരണം
20.91 km² ആകെ വിസ്തീര്‍ണ്ണം
93% സാക്ഷരത
27,459 ആകെ ജനസംഖ്യ
239 ha ഏകദേശ വനപ്രദേശം
3 ഉള്‍പ്പെടുന്ന വില്ലേജുകള്‍

1961 ല്‍ നിലവിലുള്ള പുത്തൂര്‍ പഞ്ചായത്തില്‍ നിന്ന് വേര്‍തിരിച്ച് രൂപം കൊണ്ടതാണ് നടത്തറ ഗ്രാമപഞ്ചായത്ത്. 20.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പാണഞ്ചേരി, ഒല്ലൂക്കര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുത്തൂര്‍, ഒല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂര്‍ നഗരസഭയും, ഒല്ലൂര്‍, ഒല്ലൂക്കര പഞ്ചായത്തുകളുമാണ്. 93% സാക്ഷരതാ കൈവരിച്ചിട്ടുള്ള പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 14018 സ്ത്രീകളും 13441 പുരുഷന്മാരും ഉള്‍പ്പെടെ 27459 ആണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ 239 ഹെക്ടറോളം വനപ്രദേശമാണ്. പഞ്ചായത്തിന്റെ ഭൂമേഖല മലകളും, കുന്നിന്‍ ചെരിവുകളും, കുത്തനെയുള്ള ചെരിവുകളും സമതലങ്ങളുമടങ്ങിയതാണ്. ഈ പ്രദേശങ്ങളില്‍ ലാറ്ററൈറ്റ് മണ്ണ്, ചെമ്മണ്ണ് തുടങ്ങിയ മണ്‍തരങ്ങള്‍ കാണപ്പെടുന്നു. പാടശേഖരങ്ങളില്‍ കളിമണ്ണും മണലും കലര്‍ന്ന പശ്ചിമരാശി മണ്‍തരവും, കരപ്രദേശങ്ങളില്‍ ചെമ്മണ്ണും കാണപ്പെടുന്നു. തക്കാനിക്കുന്ന്, ശൂലംകുന്ന്, അച്ഛന്‍കുന്ന് തുടങ്ങി പത്തോളം കുന്നുകള്‍ പഞ്ചായത്തിലുണ്ട്.

കൃഷി, ജലസ്രോതസ്സുകള്‍, ഗതാഗതം

പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിള നെല്ലാണ്. കൂടാതെ തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍, കുരുമുളക്, ജാതി, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നടത്തറ-ഇരവിമംഗലം കനാല്‍, പട്ടാളക്കുന്ന്, കൊഴുക്കുള്ളി കനാല്‍ എന്നിവയാണ് പ്രധാന ജലസേചനത്തിനുള്ള സംവിധാനങ്ങള്‍. മണലിപ്പുഴയും പഞ്ചായത്തിലെ നാലോളം കുളങ്ങളും പ്രധാന ഉപരിതല ജലസ്രോതസ്സുകളാണ്. പഞ്ചായത്തില്‍ ശുദ്ധജല ലഭ്യതയ്ക്കായി 27 കിണറുകളും 270 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തില്‍ രാത്രി യാത്രകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി മൂവായിരത്തോളം തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേ-47 പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. നടത്തറ-വലക്കാവ് റോഡ്, ഇരവിമംഗലം റോഡ്, കൊഴുക്കുള്ളി റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. തൃശ്ശൂര്‍ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും നടക്കുന്നത്. വലക്കാവ്-തോപ്പുംകടവ് പാലം, മൂര്‍ക്കനിക്കര-കൈന്ദൂര്‍ പാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗതവികസനത്തിന് തെളിവുകളാണ്. പഞ്ചായത്തിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ തൃശ്ശൂരാണ്. വിദേശയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളമാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൊച്ചി തുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള തുറമുഖം. പഞ്ചായത്തിനടുത്തുള്ള ഒരു പ്രധാന ജലഗതാഗതകേന്ദ്രമാണ് വഞ്ചിക്കുളം.

വ്യവസായവും വ്യാപാരവും

ത്രെഡ് റബ്ബര്‍ നിര്‍മ്മാണം, പൈപ്പ് നിര്‍മ്മാണം, മെറ്റല്‍ ക്രഷര്‍, ഹോളോബ്രിക്സ് നിര്‍മ്മാണം, എഞ്ചിന്‍ ഓയില്‍, സ്റ്റെബിലൈസര്‍ നിര്‍മ്മാണം, പപ്പടനിര്‍മ്മാണം, സോഡാ, റൈസ്മില്‍ തുടങ്ങി ഇടത്തരം ചെറുകിട വ്യവസായങ്ങളാല്‍ സമ്പുഷ്ടമാണ് പഞ്ചായത്തിന്റെ വ്യവസായരംഗം. പരമ്പരാഗത വ്യവസായമായ കളിമണ്‍പാത്ര നിര്‍മ്മാണവും പഞ്ചായത്തില്‍ നല്ലരീതിയില്‍ നടക്കുന്നുണ്ട്. പഞ്ചായത്തില്‍ ഒരു ഗ്യാസ് ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണരംഗത്ത് 10 റേഷന്‍കടകളും 2 മാവേലി സ്റ്റോറുകളും 6 നീതി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പൂച്ചട്ടി, മൂര്‍ക്കനിക്കര, വലക്കാവ്, ചേരറ്റുംകുഴി എന്നീ സ്ഥലങ്ങള്‍ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. പൂച്ചട്ടി, നടത്തറ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ലക്സുകളുമുണ്ട്.

മത, സാംസ്കാരിക പാരമ്പര്യം

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്തിനുള്ളില്‍ മുസ്ലീം ദേവാലയങ്ങള്‍ ഒന്നും ഇല്ല. നമസ്കാരത്തിനും മറ്റുമായി സമീപപ്രദേശങ്ങളിലെ പള്ളികളെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിലെ പെരുന്നാള്‍ ആഘോഷങ്ങളിലും ചന്ദനക്കുടം നേര്‍ച്ചകളിലും ഒക്കെ പഞ്ചായത്ത് നിവാസികള്‍ സജീവമായി പങ്കെടുക്കുന്നു. കൂറ്റനാല്‍ ക്ഷേത്രം, തിരുമാനാംകുന്ന് ക്ഷേത്രം, കുമാരപുരം ക്ഷേത്രം, കൊഴുക്കുള്ളി ചര്‍ച്ച്, നടത്തറ ചര്‍ച്ച് തുടങ്ങി ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഇരുപതിലധികം ആരാധനാലയങ്ങളും ഇവിടെ ഉണ്ട്. ഈ ആരാധനാലയങ്ങളിലെ പെരുന്നാളുകളും ഉത്സവങ്ങളും തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും നാനാജാതിമതസ്ഥര്‍ പങ്കുചേരുന്നു. നിമിഷകവി എന്നറിയപ്പെട്ടിരുന്ന കെ.കെ.രാജ, സംസ്കൃത പണ്ഡിതനായിരുന്ന കുഞ്ഞുണ്ണിരാജ, സ്വാതന്ത്ര്യസമര സേനാനിയായ പി.ആര്‍.കൃഷ്ണന്‍ മാഷ്, പത്രപ്രവര്‍ത്തകനായിരുന്ന ബാലന്‍ തുടങ്ങിയവര്‍ പഞ്ചായത്തിന്റെ സാംസ്കാരിക പുരോഗതിയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തികളാണ്.

ആരോഗ്യവും വിദ്യാഭ്യാസവും

മൂര്‍ക്കനിക്കര അലോപ്പതി ഡിസ്പെന്‍സറി, ഇരവിമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി, വലക്കാവ് ഹോമിയോ ഡിസ്പെന്‍സറി എന്നിവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍. ഒല്ലൂര്‍ ആക്റ്റിന്റെ വക ആംബുലന്‍സ് സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും പഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1920-ല്‍ തട്ടാംപറമ്പില്‍ രാവുണ്ണി എഴുത്തശ്ശന്റെ മാനേജ്മെന്റില്‍ മൂര്‍ക്കനിക്കരയില്‍ ആരംഭിച്ച മലയാളം സ്കൂളോടെയാണ് നടത്തറ പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഈ സ്കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുകയും ചെയ്തു. ഇന്ന് സര്‍ക്കാര്‍-സര്‍ക്കാരേതര മേഖലകളിലായി ഏഴോളം സ്കൂളുകളും, ഒരു നഴ്സിംഗ് കോളേജും, ഒരു ഐ.ടി.സി.യും പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുണ്ട്.

ബാങ്കിംഗ്, സാംസ്കാരിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

കാനറാ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും ഓരോ ശാഖകള്‍ പഞ്ചായത്തിലുണ്ട്. സഹകരണ ബാങ്കിംഗ് മേഖലയില്‍ നടത്തറ കാര്‍ഷിക സഹകരണ ബാങ്ക്, മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളും ഉണ്ട്. മൂര്‍ക്കനിക്കര, ഇരവിമംഗലം, പാലാംപാടം എന്നിവിടങ്ങളിലെ വായനശാലകള്‍ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടെയാണ്. പഞ്ചായത്തിന്റെ വക കമ്മ്യൂണിറ്റി ഹാളും കല്യാണമണ്ഡപവും പൊതുചടങ്ങുകള്‍, വിവാഹം എന്നിവയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പൂച്ചട്ടിയിലാണ്. കൊഴുക്കുള്ളി വില്ലേജ് ഓഫീസും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മൂര്‍ക്കനിക്കരയിലാണ് കൃഷിഭവന്‍ ഉള്ളത്. വലക്കാവില്‍ ഒരു ടെലഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു. ആറ് തപാല്‍ ഓഫീസുകളും പഞ്ചായത്തിലുണ്ട്.