ഭൂമിശാസ്ത്രവും ഭൂപടവും
1961 ല്‍ നിലവിലുള്ള പുത്തൂര്‍ പഞ്ചായത്തില്‍ നിന്ന് വേര്‍തിരിച്ച് രൂപം കൊണ്ടതാണ് നടത്തറ ഗ്രാമപഞ്ചായത്ത്. 20.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പാണഞ്ചേരി, ഒല്ലൂക്കര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുത്തൂര്‍, ഒല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂര്‍ നഗരസഭയും, ഒല്ലൂര്‍, ഒല്ലുക്കര പഞ്ചായത്തുകളുമാണ്. 93% സാക്ഷരതാ കൈവരിച്ചിട്ടുള്ള പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 14018 സ്ത്രീകളും, 13441 പുരുഷന്‍ മാരും ഉള്‍പ്പെടെ 27459 ആണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ 239 ഹെക്ടറോളം വനപ്രദേശമാണ്. പഞ്ചായത്തിന്റെ ഭൂമേഖല മലകളും, കുന്നിന്‍ ചെരിവുകളും, കുത്തനെയുള്ള ചെരിവുകളും സമതലങ്ങളുമടങ്ങിയതാണ്. ഈ പ്രദേശങ്ങളില്‍ ലാറ്ററെറ്റ് മണ്ണ്, ചെമ്മണ്ണ് തുടങ്ങിയ മണ്‍തരങ്ങള്‍ കാണപ്പെടുന്നു. പാടശേഖരങ്ങളില്‍ കളിമണ്ണും, മണലും കലര്‍ന്ന പശ്ചിമരാശി മണ്‍തരവും, കരപ്രദേശങ്ങളില്‍ ചെമ്മണ്ണും കാണപ്പെടുന്നു. തക്കാനിക്കുന്ന്, ശൂലംകുന്ന്, അച്ഛന്‍കുന്ന് തുടങ്ങി പത്തോളം കുന്നുകള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക വിള നെല്ലാണ്. കൂടാതെ തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍, കുരുമുളക് ജാതി, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നടത്തറ-ഇരവിമംഗലം കനാല്‍, പട്ടാളക്കുന്ന്,, കൊഴുക്കുള്ളി കനാല്‍ എന്നിവയാണ് പ്രധാന ജലസേചനത്തിനുള്ള സംവിധാനം. മണലിപ്പുഴയും, പഞ്ചായത്തിലെ നാലോളം കുളങ്ങളും പ്രധാന ഉപരിതല ജലസ്രോതസ്സുകളാണ്. പഞ്ചായത്തില്‍ ശുദ്ധജല ലഭ്യതയ്ക്കായി 27 കിണറുകളും, 270 പൊതുകുടിവെള്ള ടാപ്പുകളുമുണ്ട്. പഞ്ചായത്തില്‍ രാത്രി യാത്രകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാനായി മൂവായിരത്തോളം തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. നാഷണല്‍ഹൈവേ-47 പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. നടത്തറ- വലക്കാവ് റോഡ്, ഇരവിമംഗലം റോഡ്, കൊഴുക്കുള്ളി റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. തൃശ്ശൂര്‍ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും നടക്കുന്നത്. വലക്കാവ്- തോപ്പുംകടവ് പാലം, മൂര്‍ക്കനിക്കര- കൈന്ദൂര്‍ പാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗതവികസനത്തിന് തെളിവുകളാണ്. പഞ്ചായത്തിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ തൃശ്ശൂരാണ്. പഞ്ചായത്ത് നിവാസികള്‍ വിദേശയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളമാണ്. കൊച്ചിതുറമുഖമാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള തുറമുഖം. പഞ്ചായത്തിനടുത്തുള്ള ഒരു പ്രധാന ജലഗതാഗതകേന്ദ്രമാണ് വഞ്ചിക്കുളം. ത്രെഡ് റബര്‍ നിര്‍മ്മാണം, പൈപ്പ് നിര്‍മ്മാണം, മെറ്റല്‍ ക്രഷര്‍, ഹോളോബ്രിക്സ് നിര്‍മ്മാണം, എഞ്ചിന്‍ ഓയില്‍, സ്റ്റെബിലൈസര്‍ നിര്‍മ്മാണം, പപ്പടനിര്‍മ്മാണം, സോഡാ, റൈസ്മില്‍ തുടങ്ങി ഇടത്തരം ചെറുകിട വ്യവസായങ്ങളാല്‍ സമ്പുഷ്ഠമാണ് പഞ്ചായത്തിന്റെ വ്യവസായരംഗം. പരാമ്പരാഗത വ്യവസായമായ കളിമണ്‍പാത്ര നിര്‍മ്മാണവും പഞ്ചായത്തില്‍ നല്ലരീതിയില്‍ നടക്കുന്നുണ്ട്. പഞ്ചായത്തില്‍ ഒരു ഗ്യാസ് ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് 10 റേഷന്‍കടകളും, 2 മാവേലി സ്റ്റോറും 6 നീതി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നടത്തറ പഞ്ചായത്തിലെ, പൂച്ചട്ടി, മൂര്‍ക്കനിക്കര, വലക്കാവ്, ചേരറ്റുംകുഴി എന്നീ സ്ഥലങ്ങള്‍ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. പൂച്ചട്ടി, നടത്തറ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോംപ്ളക്സുകളുമുണ്ട്. ഹിന്ദുമുസ്ളീം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന ഈ പഞ്ചായത്തിനുള്ളില്‍ മുസ്ളീം ദേവാലയങ്ങള്‍ ഒന്നും ഇല്ല. നമസ്ക്കാരത്തിനും മറ്റുമായി സമീപപ്രദേശങ്ങളിലെ പള്ളികളെയാണശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിലെ പെരുന്നാള്‍ ആഘോഷങ്ങളിലും ചന്ദനക്കുടം നേര്‍ച്ചകളിലും ഒക്കെ പഞ്ചായത്ത് നിവാസികള്‍ സജീവമായി പങ്കെടുക്കുന്നു. കൂറ്റനാല്‍ ക്ഷേത്രം, തിരുമാനാം കുന്ന് ക്ഷേത്രം, കുമാരപുരം ക്ഷേത്രം, കൊഴുക്കുള്ളി ചര്‍ച്ച്, നടത്തറ ചര്‍ച്ച് തുടങ്ങി ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഇരുപതിലധികം ആരാധനാലയങ്ങളും ഇവിടെ ഉണ്ട്. ഈ ആരാധനാലയങ്ങളിലെ പെരുനാളുകളും, ഉത്സവങ്ങളും തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും നാനാജാതിമതസ്ഥര്‍ പങ്കു ചേരുന്നു. നിമിഷകവി എന്നറിയപ്പെട്ടിരുന്ന കെ.കെ.രാജ, സംസ്കൃത പണ്ഡിതനായിരുന്ന കുഞ്ഞുണ്ണിരാജ, സ്വാതന്ത്ര്യസമര സേനാനിയായ പി.ആര്‍.കൃഷ്ണന്‍ മാഷ്, പത്ര പ്രവര്‍ത്തകനായിരുന്ന ബാലന്‍ തുടങ്ങിയവരൊക്കെ പഞ്ചായത്തിന്റെ സാംസ്ക്കാരിക പുരോഗതിയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തികളാണ്. മൂര്‍ക്കാനിക്കര അലോപ്പതി ഡിസ്പെന്‍സറി, ഇരവിമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി വലക്കാവ് ഹോമിയോ ഡിസ്പെന്‍സറി എന്നിവയാണ് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍. ഒല്ലൂര്‍ ആക്റ്റിന്റെ വക ആംബുലന്‍സ് സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. മൃഗചികിത്സക്കായി ഒരു മൃഗാശുപത്രിയും പഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1920-ല്‍ തട്ടാംപറമ്പില്‍ രാവുണ്ണി എഴുത്തശ്ശന്റെ മാനേജ്മെന്റില്‍ മൂര്‍ക്കനിക്കരയില്‍ ആരംഭിച്ച മലയാളം സ്ക്കൂളോടെയാണ് നടത്തറ പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. ഈ സ്ക്കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തുകയും ചെയ്തു. ഇന്ന് സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലായി ഏഴോളം സ്ക്കൂളുകളും, ഒരു നഴ്സിംഗ് കോളേജും, ഒരു ഐ.റ്റി.സി.യും പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായുണ്ട്. കാനറാബാങ്കിന്റെയും, പഞ്ചാബ്നാഷണല്‍ ബാങ്കിന്റെയും ഓരോ ശാഖകള്‍ പഞ്ചായത്തിലുണ്ട്. സഹകരണ ബാങ്കിംഗ് മേഖലയില്‍ നടത്തറ കാര്‍ഷിക സഹകരണ ബാങ്ക്, മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളും ഉണ്ട്. മൂര്‍ക്കനിക്കര, ഇരവിമംഗലം, പാലാംപാടം എന്നിവിടങ്ങളിലെ വായനശാലകള്‍ പഞ്ചായത്തിലെ പ്രധാന സാംസ്ക്കാരിക കേന്ദ്രങ്ങള്‍ കൂടെയാണ്. പഞ്ചായത്തിന്റെ വക കമ്മ്യൂണിറ്റിഹാളും കല്ല്യാണമണ്ഡപവും പൊതുചടങ്ങുകള്‍ വിവാഹം എന്നിവയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. നിരവധി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പൂച്ചട്ടിയിലാണ്. കൊഴുക്കുള്ളി വില്ലേജ് ഓഫീസും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. മൂര്‍ക്കനിക്കരയാണ് കൃഷിഭവനുള്ളത്. വലക്കാവ് ഒരു ടെലഫോണ്‍ എക്സ്ചേഞ്ചും പ്രവര്‍ത്തിക്കുന്നു. ആറ് തപാലോഫീസുകളും പഞ്ചായത്തിലുണ്ട്.