ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സ്മാരകങ്ങളും, ചരിത്രരേഖകളും, ആരാധനാലയങ്ങളും, ശിലാരേഖകളും, പഴയ തലമുറയിലുള്ളവരില്‍നിന്നും വാമൊഴിയിലൂടെ പകര്‍ന്നുകിട്ടിയ വിവരങ്ങളും നാടന്‍പാട്ടുകളിലും ഐതിഹ്യങ്ങളിലും നിഴലിക്കുന്ന ഭൂതകാലത്തിന്റെ കഥകളുമാണ് നടത്തറ എന്ന കൊച്ചുഗ്രാമത്തിന്റെ പുരാതനചരിത്രം വെളിവാക്കുന്ന ഉറവിടങ്ങള്‍. നടത്തറ പണ്ടുകാലത്ത് നടുത്തറയായിരുന്നെന്നും അതല്ലാ നാടിത്ര ആയിരുന്നെന്നും രണ്ടഭിപ്രായമുണ്ട്. നടത്തറ, കൊഴുക്കുള്ളി, മുളയം എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ട പ്രദേശമാണ് നടത്തറ പഞ്ചായത്ത്. പണ്ട് പറവട്ടാനി(പ്രവൃത്തിയില്‍)യില്‍ ഉള്‍പ്പെട്ട വില്ലേജുപ്രദേശമായിരുന്നു ഇവിടം. തൃശിവപേരൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് മൂര്‍ക്കനിക്കര തേരോത്ത് ശിവക്ഷേത്രംവരെയുള്ള റോഡും കുതിരാന്‍-പട്ടിക്കാട്-ഒല്ലുക്കരവഴി എടക്കുന്നി-ഒല്ലൂര്‍ക്കു പോകുന്ന പഴയ രണ്ടു നാട്ടുപാതകളെ ബന്ധിപ്പിക്കുന്ന നാലും കൂടിയ വഴിയാണ് നടുത്തറ അഥവാ നടത്തറ. വഴിയാത്രക്കാരുടെ വിശ്രമസങ്കേതങ്ങളായ ക്ഷേത്രങ്ങളും അവയോടുചേര്‍ന്നുള്ള കുളം, അരയാല്‍തറ, അരുവികള്‍, അത്താണികള്‍ എന്നിവയുടെ സാന്നിധ്യമായിരിക്കാം പണ്ടുകാലത്ത് ഈ ഗ്രാമത്തെ യാത്രക്കാരുടെ ഇടത്താവളമാക്കി മാറ്റിയത്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ തൊഴില്‍ഭൂമിയായിരുന്നു നടത്തറ. നടത്തറയില്‍ അടുത്തകാലംവരെ ഒരു പരിശോധനാകേന്ദ്രം(ചെക്ക് പോസ്റ്റ്) ഉണ്ടായിരുന്നു. ഇതും നടത്തറയെ അറിയപ്പെടുന്ന താവളമായിമാറാന്‍ സഹായിച്ചിരിക്കാം. തേക്കിന്‍കാടുവരെ വനമായിരുന്ന കാലത്ത് നാടിത്ര എന്ന പഴമൊഴിയില്‍ നിന്നാണ് നടത്തറ എന്ന സ്ഥലനാമത്തിന്റെ ഉല്‍ഭവമെന്ന മറ്റൊരു വാദംകൂടി നിലവിലുണ്ട്. 1920-ല്‍ ഒല്ലൂരില്‍നിന്നും വേര്‍പെട്ട് നടത്തറയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെട്ടതോടെ നടത്തറ പഞ്ചായത്തിലെ ക്രിസ്ത്യാനികളുടെ സമസ്തമേഖലകളെയും നിയന്ത്രിക്കുന്ന ഒരു ആദ്ധ്യാത്മികകേന്ദ്രമെന്ന നിലയിലും നടത്തറ അറിയപ്പെട്ടുതുടങ്ങി. ദീര്‍ഘകാലം ഈ പ്രദേശത്തിന്റെ ഭരണാധികാരികളായിരുന്ന കുമരപുരം സ്വരൂപക്കാര്‍ ഇവിടെ ആവാസമുറപ്പിച്ചതോടെയാണ് നടത്തറയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്.  1691 നവംബര്‍ 16-ാം തീയതി സാമൂതിരിയും ലന്തക്കാരുംകൂടി എഴുതിയ ഉടമ്പടി അനുസരിച്ച് കമ്പനിയുടെ ശത്രുവായ അയിനിക്കൂറ് നമ്പിടിയില്‍നിന്ന്, പിടിച്ചടക്കിയ ചെറളയത്ത് കോട്ടയും, നാടുകളും, അടിയാന്മാരും, കോയ്മസ്ഥാനവും സാമൂതിരിക്ക് സ്ഥിരമായി കൊടുക്കുന്നതായി ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ പൊന്‍തകിടില്‍ മലയാളത്തില്‍ എഴുതിവച്ചിട്ടുള്ളതായി ഡോ.കുഞ്ഞുണ്ണിരാജ സാക്ഷ്യപ്പെടുത്തുന്നു. ലന്തക്കാരുമായുള്ള യുദ്ധകാലത്തായിരിക്കാം ഈ കുടുംബം നടത്തറയില്‍ ആവാസമുറപ്പിച്ചതും പിന്നീട് കൊച്ചി രാജാവിന്റെ സഹായത്തോടെ നാടുവാഴികളായിത്തീര്‍ന്നതും. പെരുവനം ദേവസ്വത്തില്‍ നിന്നും തൃശ്ശൂരിന്റെ കിഴക്കന്‍പ്രദേശത്ത് 36 കാതം മല പാട്ടമായി ലഭിച്ചുവെന്ന് പറയപ്പെടുന്നു. പിന്നീട് എടക്കുന്നിവാരിയത്തെ ദിവാന്‍ ശങ്കരവാരിയര്‍ ഈ ഭൂമിയുടെ ആധിപത്യം കൈയ്യാളി. കവിരാജനായ കെ.കെ.രാജ ഈ സ്വരൂപത്തിന്റെ സന്താനമായിരുന്നു. ദ്രാവിഡസംസ്കാരത്തിന്റെ മൂര്‍ത്തീഭാവമായ മഠപതിസങ്കേതമാണ് എരവിമംഗലത്തെ പെരുമണ്ണാന്‍ സമുദായക്കാരുടെത്. സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള പാലയും മുല്ലത്തറയും എരവിമംഗലവും, പോഴിച്ചൂരും, മങ്ങാട് എന്നീ മനക്കാര്‍ ഇവിടത്തെ ആദ്യകാല അന്തേവാസികളായിരുന്നു. എരവിമംഗലം പ്രദേശത്ത് കൈത്തൊഴിലുകളിലും സുകുമാരകലകളിലും വൈദഗ്ദ്ധ്യം നേടിയവര്‍ അക്കാലത്ത് ധാരാളമായുണ്ടായിരുന്നു. ബാലവൈദ്യം, വിഷവൈദ്യം എന്നിവയില്‍ പ്രഗത്ഭരായവര്‍ ഇവിടെയുണ്ടായിരുന്നു. പാലത്തും നലയ്ക്കന്‍ ഇക്കണ്ടപൂജാരി എന്ന മുരുകഭക്തന്‍ സ്ഥാപിച്ച അമ്പലവും എരവിമംഗലം ഷഷ്ഠിയും പ്രസിദ്ധമാണ്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ കര്‍മ്മഭൂമിയായിരുന്നു നടത്തറ. പണ്ടുമുതല്‍ക്കെ മൂര്‍ക്കനിക്കരയും സമീപപ്രദേശങ്ങളും സമ്പല്‍സമൃദ്ധവും കാര്‍ഷികവിളകളുടെ കേന്ദ്രവുമായിരുന്നു. മണലിപുഴയുടെ വരദാനമാണ് ഇവിടത്തെ സമ്പല്‍സമൃദ്ധി. ഇവിടെ ജനിച്ച നിരവധിപേര്‍ ഉന്നതവിദ്യാഭ്യാസരംഗത്തും, വൈദ്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരായി ഉയര്‍ന്നുവന്നിട്ടുണ്ട്. കലാ സാംസ്കാരികരംഗത്ത് തനതായ ഒരു പാരമ്പര്യം മൂര്‍ക്കനിക്കരയ്ക്കുണ്ട്. തൊട്ടടൂത്ത 3 ക്ഷേത്രങ്ങളില്‍ മൂന്നുസമയത്തായി ഭേദപ്പെട്ട രീതിയിലുള്ള ഉത്സവം നടക്കുന്ന മൂര്‍ക്കനിക്കരയില്‍ കലാസദസ്സുകള്‍ പതിവാണ്. സമീപപ്രദേശങ്ങളായ കൊഴുക്കുള്ളി, മുളയം പ്രദേശങ്ങളും ചരിത്രപ്രാധാന്യമുള്ളവയാണ്. വലക്കാവ് ഒരു കുടിയേറ്റമേഖലയാണ്. ഒരുകാലത്ത് നടത്തറയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു പൂച്ചട്ടിപ്പാറ ഗ്രാമോദ്ധാരണകേന്ദ്രം. ദേശീയപ്രസ്ഥാനത്തിന്റെ നാളുകളില്‍ തന്നെ അതിന്റെ അനുരണനങ്ങള്‍ പൂച്ചട്ടിയിലുമുണ്ടായി. ഖാദിപ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പുരോഗമന പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ ഈറ്റില്ലമായിരുന്നു പൂച്ചട്ടി പ്രദേശം. സമരങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു പി.ആര്‍.കൃഷ്ണന്‍മാസ്റ്റര്‍. മത്തായി മാഞ്ഞൂരാന്റെ ഒളിസങ്കേതമായിരുന്നു ഒരു കാലത്ത് പൂച്ചട്ടിപ്രദേശം. നെല്ലുവണ്ടിതടയല്‍ സമരം നിരവധിപേരെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു. കെ.ടി.ദേവസ്സിമാസ്റ്റര്‍, കെ.ഒ.റപ്പായി, ടി.എ.ബാലന്‍, കെ.ടി.ജോണ്‍മാസ്റ്റര്‍, അളഗിരി തുടങ്ങിയവര്‍ പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താക്കളായിരുന്നു.